ഒടുവിൽ അപ്ഡേറ്റ് ചെയ്തത്: ജനുവരി 2020
സർഗ്ഗാത്മകത പ്രചോദിപ്പിക്കുകയും സന്തോഷം കൊണ്ടുവരുകയും ചെയ്യുക എന്നതാണ് TikTok-ന്റെ ദൗത്യം. ഉപയോക്താക്കൾക്ക് സത്യസന്ധമായ കാര്യങ്ങൾ സൃഷ്‌ടിക്കാനും പങ്കിടാനും അവർക്ക് ചുറ്റുമുള്ള ലോകം കണ്ടെത്താനും ലോകമെമ്പാടുമുള്ള മറ്റുള്ളവരുമായി കണക്റ്റ് ചെയ്യാനും കഴിയുന്ന ഒരു ആഗോള കമ്മ്യൂണിറ്റി ഞങ്ങൾ കെട്ടിപ്പടുക്കുന്നു. ഈ കമ്മ്യൂണിറ്റി സുരക്ഷിതമായി നിലനിർത്തുന്നതിൽ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളിൽ ഞങ്ങളുടെ മൂല്യങ്ങൾ പ്രതിഫലിക്കുകയും ഇത് ഞങ്ങളുടെ പ്ലാറ്റ്ഫോം സംബന്ധിച്ച പൊതുവായ ഒരു പെരുമാറ്റച്ചട്ടം നിർവ്വചിക്കുകയും ചെയ്യുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ സുരക്ഷിതമായൊരു പങ്കിട്ടയിടം നിലനിർത്താൻ സഹായിക്കുന്നതിന് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ അനുവദിക്കുകയും ചെയ്യുന്നു.
ഉത്തരവാദിത്തത്തോടെയുള്ള സ്വതന്ത്രമായ ആവിഷ്‌ക്കാരം അടിസ്ഥാനമാക്കി സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള ഒരു സമഗ്രമായ പ്ലാറ്റ്‌ഫോമാണ് TikTok. ഉപയോക്താക്കളെ വിശേഷപ്പെട്ടവരാക്കി മാറ്റുന്ന ഒരു കമ്മ്യൂണിറ്റി കണ്ടെത്തുമ്പോൾത്തന്നെ, അതേ കാര്യം ആഘോഷിക്കാനും ഞങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നും വൈവിധ്യമാര്‍ന്ന സംസ്ക്കാരങ്ങളില്‍ നിന്നും വരുന്ന ഞങ്ങളുടെ ഉപയോക്താക്കളെ ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നു, അതോടൊപ്പം ഞങ്ങൾ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സാംസ്‌കാരിക മാനദണ്ഡങ്ങളുംപ്രാദേശിക ചട്ടങ്ങളും ഞങ്ങൾ കണക്കിലെടുക്കുകയും ചെയ്യുന്നു.
സുരക്ഷിതവും പിന്തുണ നൽകുന്നതുമായ ഒരു സാഹചര്യം നൽകുകയെന്നതിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. സ്വതന്ത്രമായും സർഗ്ഗാത്മകമായും സ്വയം ആവിഷ്‌ക്കാരം നടത്തുന്നതിൽ ആളുകൾക്ക് ആനന്ദം അനുഭവപ്പെടാൻ സഹായിക്കുന്നതിന് സുരക്ഷിതത്വം അനുഭവപ്പെടുക എന്നത് പരമപ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കവും അക്കൗണ്ടുകളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് അകറ്റിനിർത്തുന്നതിലൂടെ, സത്യസന്ധമായ ആശയവിനിമയങ്ങൾക്കുള്ള ഒരു അന്തരീക്ഷംപരിപോഷിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.
ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ അടിത്തറ പാകുന്നത് ഞങ്ങളുടെ മൂല്യങ്ങളാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന വീഡിയോ, ഓഡിയോ, ഇമേജ്, ടെക്‌സ്‌റ്റ് എന്നിവയുൾപ്പെടുന്ന ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്യും, മാത്രമല്ല, ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ ലംഘനങ്ങളിൽ ഏർപ്പെടുന്ന അക്കൗണ്ടുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുകയോ വിലക്കുകയോ ചെയ്യുന്നതാണ്. നിശ്ചിത സാഹചര്യങ്ങളിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങൾ ഒരുപടി മുന്നോട്ടുപോയി ബന്ധപ്പെട്ട നിയമനിർവ്വഹണ സ്ഥാപനങ്ങൾക്ക് അക്കൗണ്ടുകൾ റിപ്പോർട്ടുചെയ്യുന്നതായിരിക്കും.
TikTok-ലുള്ള എല്ലാവർക്കും അതിൽ പങ്കിടുന്ന എല്ലാ കാര്യങ്ങൾക്കും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്. പ്ലാറ്റ്‌ഫോമിൽ അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങൾ സംബന്ധിച്ച പൊതുവായ മാർഗ്ഗനിർദ്ദേശം അവ നൽകുന്നു. സാധാരണഗതിയിൽ, ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നീക്കംചെയ്യപ്പെടുന്ന ചില ഉള്ളടക്കം പൊതുജനത്തിന് മൂല്യമുള്ളതാകാമെന്ന തിരിച്ചറിവും ഞങ്ങൾക്കുണ്ട്. ആയതിനാൽ, ചുവടെയുള്ള വിഭാഗങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ, നിശ്ചിത സാഹചര്യങ്ങളിൽ ഞങ്ങൾ ഇളവുകൾ അനുവദിച്ചേക്കാം.
കമ്മ്യൂണിറ്റി പെരുമാറ്റരീതിയ്‌ക്കൊപ്പം പരിണമിക്കാനും ഉടലെടുക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും സർഗ്ഗാത്മകതയ്‌ക്കും ആഹ്ലാദത്തിനുമുള്ള ഒരു സുരക്ഷിതയിടമായി TikTok-നെ നിലനിർത്താനും ഞങ്ങൾ സമയാസമയങ്ങളിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അപ്‌ഡേറ്റ് ചെയ്യാറുണ്ട്.
അപകടകരമായവ്യക്തികളുംസംഘടനകളും
തീവ്രവാദമോ കുറ്റകൃത്യമോ ഹാനിയ്‌ക്ക് ഇടയാക്കാവുന്ന മറ്റെന്തെങ്കിലും പെരുമാറ്റരീതികളോ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ അപകടകരമായവ്യക്തികളെയോ സ്ഥാപനങ്ങളെയോ ഞങ്ങൾ അനുവദിക്കില്ല. പൊതുസുരക്ഷയ്‌ക്ക് ഭീഷണിയായതെന്ന് വിശ്വസിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ, അക്കൗണ്ട് വിലക്കുകയും ബന്ധപ്പെട്ട നിയമനിർവ്വഹണ സ്ഥാപനങ്ങളുമായി സഹകരിക്കുകയും ചെയ്യുന്നതിലൂടെ ഞങ്ങൾ ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതാണ്.
തീവ്രവാദികളും തീവ്രവാദ സംഘടനകളും
രാഷ്‌ട്രീയമായോ മതപരമായോ ആശയപരമായോ ഉള്ള ലക്ഷ്യങ്ങൾ പിന്തുടർന്ന് ഒരു ജനതയെയോ സർക്കാരിനെയോ അന്താരാഷ്‌ട്ര സ്ഥാപനത്തെയോ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ, നിരായുധരായ ആളുകൾക്ക് ഹാനിവരുത്താനിടയാക്കുന്ന ആസൂത്രിത അക്രമങ്ങളോ ആക്രമണ ഭീഷണികളോ ഉപയോഗിക്കുന്ന, കാര്യമായ രാഷ്‌ട്രീയ സ്വാധീനമുള്ളവരെയാണ് (നോൺ-സ്റ്റേറ്റ് ആക്‌റ്റേഴ്‌സ്) തീവ്രവാദികളെന്നും തീവ്രവാദ സംഘടനകളെന്നും വിളിക്കുന്നത്.
മറ്റ് തരത്തിൽ അപായമുണ്ടാക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ മറ്റ് തരങ്ങളിലുള്ള ഗുരുതരമായ ഹാനിക്കിടയാക്കുന്നതോ ആയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആണ് ഞങ്ങൾ അപായമുണ്ടാക്കുന്നവയെന്ന് നിർവ്വചിക്കുന്നത്. ഗ്രൂപ്പുകളുടെയും കുറ്റകൃതങ്ങളുടെയും തരങ്ങളിൽ ഇവയുൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്തുന്നില്ല:
- വിദ്വേഷ പ്രചരണ ഗ്രൂപ്പുകൾ
- അക്രമ തീവ്രവാദ സംഘടനകള്‍
- നരഹത്യ
- മനുഷ്യക്കടത്ത്
- അവയവക്കടത്ത്
- ആയുധക്കടത്ത്
- മയക്കുമരുന്ന് കടത്ത്
- തട്ടിക്കൊണ്ടുപോകൽ
- പിടിച്ചുപറി
- ഭീഷണിപ്പെടുത്തി പണം വാങ്ങൽ
- കള്ളപ്പണം വെളുപ്പിക്കൽ
- തട്ടിപ്പ്
- സൈബർ കുറ്റകൃത്യം
ഇവ പോസ്റ്റ് ചെയ്യരുത്:
- പേരുകൾ, ചിഹ്നങ്ങൾ, ലോഗോകൾ, പതാകകൾ, മുദ്രാവാക്യങ്ങൾ, യൂണിഫോമുകൾ, ആംഗ്യങ്ങൾ, പോർട്രെയ്‌റ്റുകൾ അല്ലെങ്കിൽ അപായകരമായ വ്യക്തികളെയോ ഒപ്പം/അല്ലെങ്കിൽ സ്ഥാപനങ്ങളെയോ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള മറ്റ് വസ്തുക്കൾ
- അപകടകരമായവ്യക്തികളെയോ ഒപ്പം/അല്ലെങ്കിൽ സംഘടനകളെയോപുകഴ്‌ത്തുകയോ മഹത്വവൽക്കരിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്ന ഉള്ളടക്കം
- ഒഴിവാക്കലുകൾ: വിദ്യാഭ്യാസപരവും ചരിത്രപരവും ആക്ഷേപഹാസ്യകരവും കലാപരവുമായ ഉള്ളടക്കവും, അപായകരമായ വ്യക്തികൾക്കോ ഒപ്പം/അല്ലെങ്കിൽ സ്ഥാപനങ്ങൾക്കോ എതിരെ പ്രതിവാദം നടത്തുന്നതെന്നോ അവ കാരണമുണ്ടാകുന്ന ഹാനിക്കെതിരെ ബോധവൽക്കരണം നടത്താൻ ലക്ഷ്യമിട്ടുള്ളതെന്നോ വ്യക്തമായി തിരിച്ചറിയാനാകുന്ന മറ്റേതൊരു ഉള്ളടക്കവും
നിയമവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിത വസ്‌തുക്കളും
ഞങ്ങൾ നിശ്ചിത നിയന്ത്രിത വസ്തുക്കളുടെ വ്യാപാരവും വിൽപ്പനയും പ്രചാരവും ഉപയോഗവും അതോടൊപ്പം കുറ്റകൃത്യങ്ങളുടെ ചിത്രീകരണവും അല്ലെങ്കിൽ പ്രചാരവും വിലക്കിയിരിക്കുന്നു. നിയമവിരുദ്ധമായതോ, ആ പ്രദേശത്തോ ലോകത്തിൽ തന്നെയോ ഭൂരിഭാഗം ഇടങ്ങളിലും നിയന്ത്രിച്ചിട്ടുള്ളതോ ആയ പ്രവർത്തനങ്ങളുമായോ വസ്തുക്കളുമായോ ബന്ധപ്പെട്ട ചില ഉള്ളടക്കം, അവ പോസ്റ്റുചെയ്യുന്ന മേഖലയിൽ ഈ പ്രവർത്തനങ്ങളോ വസ്തുക്കളോ നിയമപരമായി അനുവദനീയമാണെങ്കിൽ പോലും, നീക്കംചെയ്‌തേക്കാം. വിദ്യാഭാസപരവും ശാസ്‌ത്രീയമായതും കലാപരമായതും വാർത്താമൂല്യമുള്ളതുമായ ഉള്ളടക്കം പോലുള്ള, പൊതുജനത്തിന് മൂല്യവത്തായ ഉള്ളടക്കങ്ങൾക്ക് ഞങ്ങൾ ഇളവുകൾ അനുവദിക്കുന്നു.
കുറ്റകൃത്യങ്ങൾ പ്രചരിപ്പിക്കൽ
മോഷണം, ആക്രമണം, മനുഷ്യനെ ചൂഷണം ചെയ്യൽ, മറ്റ് ഹാനികരമായ പെരുമാറ്റരീതികൾ എന്നിവയുൾപ്പെടെയുള്ള, നിയമപ്രകാരം ശിക്ഷാർഹമായ വിവിധങ്ങളായ ഒരുകൂട്ടം പ്രവർത്തനങ്ങളാണ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്. അത്തരം പെരുമാറ്റരീതികൾ സാധാരണവൽക്കരിക്കാനോ അനുകരിക്കാനോ ഞങ്ങൾക്ക് താൽപ്പര്യമില്ലാത്തതിനാൽ, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്യും.
ഇവ പോസ്റ്റ് ചെയ്യരുത്:
- ആക്രമിക്കലോ തട്ടിക്കൊണ്ടുപോകലോ പോലുള്ള, ശാരീരികമായി ഹാനി വരുത്തുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം
- അടിയന്തരസേവനങ്ങളെ തമാശയ്‌ക്ക് കബളിപ്പിക്കുന്നത് പോലുള്ള, മറ്റുള്ളവരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഉള്ളടക്കം
- മനുഷ്യനെ ചൂഷണം ചെയ്യുന്നതോ വന്യജീവിക്കടത്തോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം
- നിയമവിരുദ്ധമായി കൈക്കലാക്കിയ വസ്തുക്കൾ വാങ്ങലോ വിൽക്കലോ വ്യാപാരം ചെയ്യലോ വാഗ്‌ദാനം ചെയ്യുന്ന ഉള്ളടക്കം
- കുറ്റകൃത്യങ്ങൾ എങ്ങനെ നടത്താമെന്ന നിർദ്ദേശങ്ങൾ നൽകുന്ന ഉള്ളടക്കം
ആയുധങ്ങൾ വിൽക്കൽ അല്ലെങ്കിൽ ഉപയോഗിക്കൽ
ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പരിരക്ഷിക്കാനായി, ഞങ്ങൾ പൊതുവേ തോക്കുകളുടെയോ യുദ്ധോപകരണങ്ങളുടെയോ തോക്കുകളുടെ ഘടകഭാഗങ്ങളുടെയോ സ്‌ഫോടന വസ്തുക്കളുടെയോ ചിത്രീകരണമോ വ്യാപാരമോ പ്രചാരമോ അനുവദിക്കുന്നില്ല. അത്തരം ആയുധങ്ങൾ എങ്ങനെ നിർമ്മിക്കാമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഞങ്ങൾ വിലക്കുന്നു. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ തോക്കുകളോ മറ്റുതരം ആയുധങ്ങളോ പ്രദർശിപ്പിക്കുന്ന ഉള്ളടക്കത്തിന് ഞങ്ങൾ ഇളവുകൾ നൽകിയേക്കാം: ഒരു സാങ്കൽപ്പിക സൃഷ്‌ടിയിൽ, ഒരു മ്യൂസിയത്തിലെ ശേഖരങ്ങളുടെ ഭാഗമെന്ന നിലയിൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊണ്ടുനടക്കുന്നത്, ഒരു പട്ടാള പരേഡിൽ, അല്ലെങ്കിൽ ഒരു ഷൂട്ടിംഗ് റേഞ്ച് പോലുള്ള സുരക്ഷിതവും നിയന്ത്രിതവുമായ പരിതസ്ഥിതിയിൽ ഉപയോഗിക്കുന്നത്.
ഇവ പോസ്റ്റ് ചെയ്യരുത്:
- തോക്കുകളോ തോക്കുകളുടെ ഘടകഭാഗങ്ങളോ യുദ്ധോപകരണങ്ങളോ സ്ഫോടകവസ്തുക്കളോ പ്രദർശിപ്പിക്കുന്ന ഉള്ളടക്കം
- തോക്കുകളോ അവയുടെ ഘടകഭാഗങ്ങളോ യുദ്ധോപകരണങ്ങളോ സ്‌ഫോടക വസ്തുക്കളോ വാഗ്‌ദാനം ചെയ്യുന്നതോ വിൽക്കുന്നതോ വ്യാപാരം ചെയ്യുന്നതോ ആവശ്യപ്പെടുന്നതോ, അല്ലെങ്കിൽ അവ എങ്ങനെ നിർമ്മിക്കാമെന്ന നിർദ്ദേശങ്ങൾ അടങ്ങുന്നതോ ആയ ഉള്ളടക്കം
മയക്കുമരുന്നുകളും നിയന്ത്രിത പദാർത്ഥങ്ങളും
ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പരിരക്ഷിക്കാൻ, മയക്കുമരുന്നുകളുടെയോ മറ്റ് നിയന്ത്രിത പദാർത്ഥങ്ങളുടെയോ ഉപയോഗമോ വ്യാപാരമോ ചിത്രീകരിക്കുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നില്ല.
ഇവ പോസ്റ്റ് ചെയ്യരുത്:
- മയക്കുമരുന്നുകളോ മയക്കുമരുന്നുകളുടെ ഉപഭോഗമോ പ്രദർശിപ്പിക്കുന്നതോ മയക്കുമരുന്നുകളോ മറ്റ് നിയന്ത്രിത പദാർത്ഥങ്ങളോ നിർമ്മിക്കാനോ ഉപയോഗിക്കാനോ വ്യാപാരം ചെയ്യാനോ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം
- മയക്കുമരുന്നുകളോ മറ്റ് നിയന്ത്രിത പദാർത്ഥങ്ങളോ വിൽക്കുകയോ വാഗ്‌ദാനം ചെയ്യുകയോ വ്യാപാരം നടത്തുകയോ ആവശ്യപ്പെടുകയോ ചെയ്യുന്ന ഉള്ളടക്കം
- നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പദാർത്ഥങ്ങൾ എങ്ങനെ വാങ്ങാമെന്നത് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ഉള്ളടക്കം
തട്ടിപ്പുംഅഴിമതിയും
വ്യക്തികളെ കബളിപ്പിക്കാനോ വസ്തുവകകൾ കൈക്കലാക്കാനോ ഉള്ള തന്ത്രങ്ങൾ ഉൾപ്പെടെ, മറ്റുള്ളവരുടെ ദ്രോഹിക്കുന്നതിനായി ഞങ്ങളുടെ പ്ലാറ്റ്‌ഫോം ചൂഷണം ചെയ്യാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. നിയമവിരുദ്ധമായി സാമ്പത്തികനേട്ടം കൈവരിക്കുന്നതിന് ആളുകളെ ബോധപൂർവ്വം കബളിപ്പിക്കുന്ന ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്യും.
ഇവ പോസ്റ്റ് ചെയ്യരുത്:
- ഫിഷിംഗ് പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം
- ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്യുന്നതോ (പോൺസി) ആളുകളെ കണ്ണിചേർത്തുള്ളതോ (പിരമിഡ്) ആയ സ്‌കീമുകളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം
- സുസ്ഥിര വാതുവെപ്പിനെയോ (ഫിക്‌സഡ് ബെറ്റിംഗ്) പെട്ടെന്ന് പണക്കാരനാകാനുള്ള സ്‌കീമുകളെയോ മറ്റേതെങ്കിലും തരത്തിലുള്ള അഴിമതികളെയോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം
അക്രമപരമായതും ഗ്രാഫിക്കായതുമായ ഉള്ളടക്കം
നികൃഷ്‌ടമായ അക്രമത്തെയോ ദുരിതത്തെയോ പ്രചരിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന, അങ്ങേയറ്റം ബീഭത്സമായതോ ഞെട്ടിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നില്ല. വാർത്താമൂല്യമുള്ളതോ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനുദ്ദേശിച്ചുള്ളതോ ആയ ഉള്ളടക്കം പോലുള്ള, നിശ്ചിത സാഹചര്യങ്ങളിൽ ഞങ്ങൾ ഇളവുകൾ അനുവദിക്കുന്നു. അക്രമമോ പൊതുസുരക്ഷയ്‌ക്ക് ഭീഷണിയോ ഉണ്ടാകാൻ തീർച്ചയായും സാദ്ധ്യതയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുമ്പോൾ, ഞങ്ങൾ അക്കൗണ്ട് വിലക്കുകയും ആവശ്യമായി വരുമ്പോൾ ഉചിതമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട നിയമനിർവ്വഹണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.
അക്രമപരമായതും ഗ്രാഫിക്കായതുമായ ഉള്ളടക്കം: മനുഷ്യൻ
ഇവ പോസ്റ്റുചെയ്യരുത്:
- ഇവയുൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെയുള്ള, ഒരു കാരണവുമില്ലാതെ ഞെട്ടിപ്പിക്കുന്നതോ ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നതോ അമിതമായി ഗ്രാഫിക്ക് അടങ്ങുന്നതോ ആയ ഉള്ളടക്കം:
- യഥാർത്ഥ മനുഷ്യർ ഉൾപ്പെടുന്ന അക്രമത്തിന്റെയോ അപകടമരണങ്ങളുടെയോ ചിത്രീകരണങ്ങൾ
- അംഗഭംഗം വരുത്തുകയോ ഛേദിക്കുകയോ കത്തിക്കുകയോ എരിക്കുകയോ ചെയ്‌ത മനുഷ്യാവശിഷ്‌ടങ്ങളുടെ ചിത്രീകരണങ്ങൾ
- പ്രധാനമായി ഒരു പഴുത്ത മുറിവോ പരുക്കോ ഫോക്കസ് ചെയ്യുന്ന കട്ടപിടിച്ച രക്തത്തിന്റെ ചിത്രീകരണം
- ഗുരുതരമായ ശാരീരികാക്രമണത്തിന്റെ ചിത്രീകരണങ്ങൾ.
- ഒഴിവാക്കലുകൾ: അരങ്ങിൽ അവതരിപ്പിക്കുന്നതോ വിദഗ്‌ദ്ധരുടെയോ പോരാട്ടം, പരമ്പരാഗത ആയോധന കലകൾ അല്ലെങ്കിൽ ഒരു സാങ്കൽപ്പിക സൃഷ്‌ടിയിലുള്ള പോരാട്ടം
അക്രമപരമായതും ഗ്രാഫിക്കായതുമായ ഉള്ളടക്കം: മൃഗങ്ങൾ
ഇവ പോസ്റ്റുചെയ്യരുത്:
- ഇവയുൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെയുള്ള, ഒരു കാരണവുമില്ലാതെ ഞെട്ടിപ്പിക്കുന്നതോ ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നതോ അമിതമായി ഗ്രാഫിക്ക് അടങ്ങുന്നതോ ആയ ഉള്ളടക്കം:
- ജീവനുള്ള മൃഗങ്ങളെ അറക്കുന്നതിന്റെ ചിത്രീകരണങ്ങൾ
- അംഗഭംഗം വരുത്തുകയോ ഛേദിക്കുകയോ കത്തിക്കുകയോ എരിക്കുകയോ ചെയ്‌ത മൃഗാവശിഷ്‌ടങ്ങളുടെ ചിത്രീകരണങ്ങൾ
- മൃഗങ്ങളോടുള്ള ക്രൂരതയുടെ ചിത്രീകരണങ്ങൾ
ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, അപകടകരമായ പ്രവർത്തനങ്ങൾ
ഹാനിയിലേക്ക് നയിച്ചേക്കാവുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. അപകടകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഉപയോക്താക്കളെ അനുവദിക്കില്ല. സ്വയം ഉപദ്രവിക്കുന്നതോ ആത്മഹത്യയോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ലെങ്കിലും, ഈ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് ഉപയോക്താക്കളുടെ അനുഭവം പങ്കുവയ്‌ക്കാൻ ഞങ്ങളെ അവരെ അനുവദിക്കാറുണ്ട്.
സ്വയം ഉപദ്രവിക്കലോ ആത്മഹത്യയോ സംബന്ധിച്ച ചിന്തകളിൽപ്പെട്ടുഴലുന്ന ഉപയോക്താക്കളോ, ആരെങ്കിലും ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്ത്രിക്കുന്നുണ്ടെന്ന് അറിവ് ലഭിക്കുന്നവരോ ഉടനടി നിയമനിർവ്വഹണ സ്ഥാപനങ്ങളെയോ ഒരു ആത്മഹത്യാ പ്രതിരോധ ഹോട്ട്‌ലൈനിലോ ബന്ധപ്പെടുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ആത്മഹത്യ
ആത്മഹത്യയോ ആത്മഹത്യാ പ്രവണതകളോ പ്രദർശിപ്പിക്കുന്ന ഉള്ളടക്കമോ അതുപോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിച്ചേക്കാവുന്ന ഉള്ളടക്കമോ ഞങ്ങൾ നീക്കംചെയ്യും. ഇതിൽ ആത്മഹത്യാ ശ്രമമോ, സ്വയം പീഡിത മരണത്തിലേക്ക് നയിക്കാൻ സാദ്ധ്യതയുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന അല്ലെങ്കിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയെ ചിത്രീകരിക്കുന്ന ഉള്ളടക്കമോ ഉൾപ്പെടുന്നു. ആത്മഹത്യയെ പ്രകീർത്തിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ, എങ്ങനെ ആത്മഹത്യ ചെയ്യാമെന്ന് മറ്റുള്ളവർക്ക് നിർദ്ദേശം നൽകുന്നതോ ആയ എല്ലാത്തരം ഉള്ളടക്കവും ഞങ്ങൾ നിരോധിക്കുന്നു.
ഇവപോസ്റ്റ് ചെയ്യരുത്:
- എങ്ങനെ ആത്മഹത്യ ചെയ്യാമെന്ന നിർദ്ദേശങ്ങൾ നൽകുന്ന ഉള്ളടക്കം
- ആത്മഹത്യയെ പ്രകീർത്തിക്കുന്നതോ പ്രചരിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ ഉള്ളടക്കം
- ആത്മഹത്യാ വെല്ലുവിളികള്‍
- ഒഴിവാക്കലുകൾ: ആത്മഹത്യാ ചിന്തയിലൂടെ കടന്നുപോകുന്നവർക്ക് പിന്തുണയോ ആശ്രയങ്ങളോ ആ പ്രതിസന്ധി വിജയപൂർവ്വം തരണം ചെയ്യാനുള്ള മാർഗ്ഗങ്ങളോ പ്രദാനം ചെയ്യുന്ന ഉള്ളടക്കം
സ്വയം ഉപദ്രവിക്കൽ
സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റരീതി സാധാരണവൽക്കരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ പ്രേരിപ്പിക്കുന്നതോ ഒഴിവാക്കാൻ, അത്തരം പെരുമാറ്റരീതി ചിത്രീകരിക്കുന്ന ഇമേജറി, അത് പോസ്റ്റുചെയ്യുന്ന ഉപയോക്താവിന്റെ ഉദ്ദേശം എന്തുതന്നെയായാലും, ഞങ്ങൾ അനുവദിക്കുകയില്ല. ശാരീരികമായ സ്വയം പീഡിത പരുക്കിലേക്ക് നയിക്കാനിടയുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ പ്രോത്സാഹിപ്പിക്കാനിടയുള്ളതോ ആയ ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്ന ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും പ്ലാറ്റ്‌ഫോമിൽ ഞങ്ങൾ അനുവദിക്കില്ല.
ഇവ പോസ്റ്റുചെയ്യരുത്:
- സ്വയം പീഡിത വ്രണങ്ങൾ കാണിക്കുന്ന ഉള്ളടക്കം
- സ്വയം ഉപദ്രവിക്കുന്നതിൽ എങ്ങനെ ഏർപ്പെടാമെന്ന നിർദ്ദേശങ്ങൾ നൽകുന്ന ഉള്ളടക്കം
- ശരീരഭാരം കുറയ്‌ക്കുന്നതിനായി ഭക്ഷണ വൈകൃതങ്ങളെയോ (പ്രോ-അന) മറ്റ് അപകടകരമായ പെരുമാറ്റരീതികളെയോ പിന്തുണയ്‌ക്കുന്ന ഉള്ളടക്കം
- ഒഴിവാക്കലുകൾ: ഭക്ഷണവൈകൃതങ്ങളാലോ സ്വയം ഉപദ്രവിക്കുന്നതിൽ ഏർപ്പെടുന്നതിനാലോ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയോ ആശ്രയങ്ങളോ ആ പ്രതിസന്ധി വിജയപൂർവ്വം തരണം ചെയ്യാനുള്ള മാർഗ്ഗങ്ങളോ പ്രദാനം ചെയ്യുന്ന ഉള്ളടക്കം
അപകടകരമായ പ്രവർത്തനങ്ങൾ
വിദഗ്‌ദ്ധ പരിശീലനമോ പര്യാപ്‌തമായ കഴിവോ ഇല്ലാത്ത സാഹചര്യങ്ങളിൽ നടത്തുന്ന അപകടസാദ്ധ്യതയുള്ള പ്രവർത്തനങ്ങളോ മറ്റ് അപായകരമായ പ്രവർത്തനരീതികളോ, ഉപയോക്താവിനോ പൊതുജനത്തിനോ ഗുരുതരമായ പരുക്കിനോ മരണത്തിനോ ഇടയാക്കാം. അമെച്വർ സംഘട്ടനങ്ങളോ അപകടകരമായ ചലഞ്ചുകളോ ഉൾപ്പെടെ, അത്തരം പ്രവർത്തനരീതികളെ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നില്ല.
ഇവ പോസ്റ്റുചെയ്യരുത്:
- അപകടകരമായ ഉപകരണങ്ങളുടെ അനുചിതമായ ഉപയോഗം കാണിക്കുന്ന ഉള്ളടക്കം
- ആഹരിക്കേണ്ട ആവശ്യത്തിനുള്ളതല്ലാത്ത ദ്രാവകങ്ങൾ കുടിക്കുന്നതോ വസ്തുക്കൾ കഴിക്കുന്നതോ ചിത്രീകരിക്കുന്ന ഉള്ളടക്കം
- പരുക്കിലേക്ക് നയിക്കാനിടയുള്ള അപകടകരമായ ചലഞ്ചുകൾ
- നിയമപരമായി പ്രായപൂർത്തിയാകാത്ത ആളുകൾ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നത് ചിത്രീകരിക്കുന്ന ഉള്ളടക്കം
വിദ്വേഷഭാഷണം
പരിരക്ഷിത പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയോ ഒരുകൂട്ടം ആളുകളെയോ ആക്രമിക്കുന്ന ആല്ലെങ്കിൽ അവർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഉള്ളടക്കം ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. വിദ്വേഷഭാഷണം ഉൾപ്പെടുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല, അത് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കംചെയ്യുന്നതാണ്. വിദ്വേഷഭാഷണ ലംഘനങ്ങൾ ഒന്നിലധികം തവണ നടത്തുന്ന അക്കൗണ്ടുകൾ ഞങ്ങൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുകയോ വിലക്കുകയോ ചെയ്‌തേക്കാം.
പരിരക്ഷിത ഗ്രൂപ്പുകൾക്കെതിരായുള്ള ആക്രമണങ്ങൾ
പരിരക്ഷിത പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയോ ഒരുകൂട്ടം ആളുകളെയോ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ അവർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുകയോ മനുഷ്യത്വരഹിതമായി പെരുമാറുകയോ ചെയ്യുന്നതോ ചെയ്യാനുദ്ദേശിക്കുന്നതോ ആയ ഉള്ളടക്കം ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. ഇനിപ്പറയുന്ന ഏതെങ്കിലും പരിരക്ഷിത പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയോ ഒരു സംഘത്തെയോ വാക്കാൽ ഭീഷണിപ്പെടുത്തുകയോ ശാരീരികമായോ ആക്രമിക്കുകയോ അവരെ ദ്രോഹിക്കുന്നത് ചിത്രീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കവും ഞങ്ങൾ അനുവദിക്കുന്നില്ല:
- വർഗ്ഗം
- വംശം
- ദേശീയത
- മതം
- ജാതി
- ലൈംഗിക അവബോധം
- ലൈംഗികത
- ലിംഗത്വം
- ലിംഗവ്യക്തിത്വം
- ഗുരുതരമായ അസുഖം അല്ലെങ്കിൽ വൈകല്യം
- കുടിയേറ്റ നില
ഇവ പോസ്റ്റുചെയ്യരുത്:
- ഇനിപ്പറയുന്നവ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താത്ത, മേൽവിവരിച്ചിരിക്കുന്ന പ്രത്യേകതകൾ അടിസ്ഥാനമാക്കി, വ്യക്തികൾക്കോ സംഘങ്ങൾക്കോ എതിരെ മനുഷ്യത്വരഹിതമായി പെരുമാറുകയോ അക്രമത്തിന് ആഹ്വാനം ചെയ്യുകയോ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കം:
- അവർ ശാരീരികമായോ ധാർമ്മികമായോ അധഃകൃതരാണെന്ന അവകാശവാദം ഉന്നയിക്കുന്നത്
- അവർക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് അല്ലെങ്കിൽ അതിനെ ന്യായീകരിക്കുന്നത്
- അവർ കുറ്റവാളികളാണെന്ന അവകാശവാദം ഉന്നയിക്കുന്നത്
- അവരെ മൃഗങ്ങളായോ നിർജീവ വസ്തുക്കളായോ മറ്റേതെങ്കിലും മനുഷ്യനല്ലാത്ത വസ്തുക്കളായോ മോശമായി പരാമർശിക്കുന്നത്
- അവരെ ബഹിഷ്‌ക്കരിക്കുന്നതോ ഒറ്റപ്പെടുത്തുന്നതോ അവർക്കെതിരായുള്ള വിവേചനമോ പ്രോത്സാഹിപ്പിക്കൽ അല്ലെങ്കിൽ ന്യായീകരിക്കൽ
അപവാദങ്ങൾ
വംശത്തെയോ വർഗ്ഗത്തെയോ മുകളിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന മറ്റേതെങ്കിലും പരിരക്ഷിത പ്രത്യേകതയെയോ താഴ്‌ത്തിക്കെട്ടാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ആക്ഷേപ പദങ്ങളെയാണ് അപവാദങ്ങൾ എന്നതുകൊണ്ട് നിർവ്വചിക്കുന്നത്. അങ്ങേയറ്റം മോശവും നിന്ദ്യവുമായ പദങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാകാൻ താൽപ്പര്യമില്ലാത്തതിനാൽ തന്നെ, ഇവ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വച്ചുപൊറുപ്പിക്കുകയില്ല. എങ്കിലും, സ്വയം പരാമർശിക്കാനോ സാഹചര്യത്തിന് യോജിച്ചവിധത്തിൽ മാറ്റി ഉപയോഗിക്കാനോ അപവാദങ്ങൾ ഉപയോഗിച്ചേക്കാമെന്ന വസ്‌തുതയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുള്ളതിനാൽ, ഒരു ഗാനത്തിലോ ഒരു സ്വയം പരാമർശിത ആക്ഷേപഹാസ്യ സന്ദർഭത്തിലോ ഒപ്പം/അല്ലെങ്കിൽ സാഹചര്യത്തിന് യോജിച്ചവിധത്തിലുള്ള ഉപയോഗത്തിലോ ഞങ്ങൾ ഇളവുകൾ നൽകിയേക്കാം.
ഇവ പോസ്റ്റുചെയ്യരുത്:
- അനുമതിയില്ലാതെ അപവാദങ്ങൾ അഭ്യർത്ഥിക്കുന്ന ഉള്ളടക്കം
വിദ്വേഷപരമായ ആശയസംഹിത
ഞങ്ങളുടെ പ്ലാറ്റ്‌ഫോം നൽകുന്ന സമഗ്രവും പിന്തുണാത്മകവുമായ കമ്മ്യൂണിറ്റിയ്‌ക്ക് വിദ്വേഷപരമായ ആശയസംഹിതകൾ പൊരുത്തക്കേട് സൃഷ്‌ടിക്കുന്നു. വിദ്വേഷപരമായ ആശയസംഹിതകൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്യും.
ഇവ പോസ്റ്റുചെയ്യരുത്:
- ഈ ആശയസംഹിതമകളുമായി ബന്ധപ്പെട്ട വ്യക്തികളെ പ്രകീർത്തിച്ച് സംസാരിക്കുകയോ, ലോഗോകളോ ചിഹ്നങ്ങളോ പതാകകളോ മുദ്രാവാക്യങ്ങളോ യൂണിഫോമുകളോ സല്യൂട്ടുകളോ ആംഗ്യങ്ങളോ പോർട്രെയ്‌റ്റുകളോ ചിത്രങ്ങളോ പേരുകളോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിലൂടെ ഏതെങ്കിലും വിദ്വേഷപരമായ ആശയസംഹിതകൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം
- സത്യമായ കാര്യങ്ങൾക്ക് പകരം അക്രമസംഭവങ്ങൾ ഇടംപിടിക്കുന്ന ഉള്ളടക്കം
- വിദ്വേഷപരമായ ആശയസംഹിതകൾ പ്രോത്സാഹിപ്പിക്കുന്ന സംഗീതം അല്ലെങ്കിൽ ഗാനവരികൾ
ഉപദ്രവിക്കലും ഭീഷണിപ്പെടുത്തലും
സങ്കോചം, അപമാനം, ഭീഷണി അല്ലെങ്കിൽ ഉപദ്രവം തുടങ്ങിയ ഭീതികളില്ലാതെ സ്വയം ആവിഷ്‌ക്കരിക്കാനാകുമെന്ന സുരക്ഷിതത്വ ബോധം ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അധിക്ഷേപകരമായ ഉള്ളടക്കം വ്യക്തികളിൽ മാനസികമായി ഉണ്ടാക്കുന്ന വേദനയെക്കുറിച്ച് ഞങ്ങൾ ഗഹനമായി മനസ്സിലാക്കുന്നതിനാൽ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അധിക്ഷേപകരമായ ഉള്ളടക്കമോ പെരുമാറ്റരീതിയോ വച്ചുപൊറുപ്പിക്കുകയില്ല.
അധിക്ഷേപകരമായ പെരുമാറ്റരീതി
അക്രമ ഭീഷണികൾ, ലൈംഗിക പീഡനം എന്നിവയും രൂപഭാവം, ബുദ്ധിശക്തി, വ്യക്തി ലക്ഷണങ്ങൾ, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് അവമതിപ്പുണ്ടാക്കുന്ന പ്രസ്‌താവനകളും ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താത്ത അധിക്ഷേപകരമായ എല്ലാ ആവിഷ്‌ക്കാരങ്ങളും ഞങ്ങൾ നീക്കംചെയ്യും.
ഇവ പോസ്റ്റുചെയ്യരുത്:
- ഒരു വ്യക്തിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം
- ഒരു വ്യക്തിയ്‌ക്ക് മരണമോ ഗുരുതര രോഗമോ ശാരീരികമായോ മറ്റുവിധത്തിലോ ഹാനിവരുന്നതോ ആഗ്രഹിക്കുന്ന ഉള്ളടക്കം
- അക്രമം പ്രേരിപ്പിക്കുന്നതോ ഉപദ്രവം ഏകോപിപ്പിക്കുന്നതോ ആയ ഉള്ളടക്കം
- ഒരു ഉപയോക്താവിന്റെ ലൈംഗിക രീതികളെ ഇകഴ്‌ത്തിക്കാട്ടുകയോ ലൈംഗികച്ചുവയോടെയുള്ള സ്‌പർശത്തിന് സമ്മതമില്ലാതെ മുതിരുകയോ ചെയ്യുന്നതിലൂടെ അവരെ ലൈംഗികമായി ഉപദ്രവിക്കുന്ന ഉള്ളടക്കം
- ബുദ്ധിശക്തി, രൂപഭാവം, വ്യക്തി ലക്ഷണങ്ങൾ, ശുചിത്വം എന്നിവ പോലുള്ള പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ ഇകഴ്‌ത്തിക്കാട്ടുന്ന ഉള്ളടക്കം
- അക്രമത്താലുള്ള ദുരന്തങ്ങളെ പ്രകീർത്തിക്കുകയും അതിൽ ഇരകളായവരെ ഇകഴ്‌ത്തിക്കാട്ടുകയും ചെയ്യുന്ന ഉള്ളടക്കം
- മറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ ഉള്ളടക്കം സൃഷ്‌ടിക്കാൻ TikTok-ന്റെ ഡ്യുയറ്റ്, റിയാക്റ്റ് അല്ലെങ്കിൽ ഇഫക്റ്റുകൾ എന്നീ സവിശേഷതകൾ ഉപയോഗിക്കുന്ന ഉള്ളടക്കം
മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കൽ
വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നതോ വെളിപ്പെടുത്താനായി ഭീഷണിപ്പെടുത്തുന്നതോ ഗുരുതരമായ വൈകാരിക ദുഃഖത്തിലേക്കും ജീവഹാനിയിലേക്കും നയിച്ചേക്കാം. ഞങ്ങൾ ഇതിനെ ഒരുതരത്തിലുള്ള അധിക്ഷേപമായി കണക്കാക്കുന്നതിനാൽ TikTok-ൽ ഇത് അനുവദിക്കുന്നില്ല.
ഇവ പോസ്റ്റുചെയ്യരുത്:
- താമസിക്കുന്ന വിലാസം, സ്വകാര്യ ഇമെയിൽ വിലാസം, സ്വകാര്യ ഫോൺ നമ്പർ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സോഷ്യൽ സെക്യൂരിറ്റി നമ്പർ, അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പർ എന്നിവയുൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താത്ത, വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്ന അല്ലെങ്കിൽ വെളിപ്പെടുത്താനായി ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം
- ലൈംഗിക ചിത്രങ്ങൾ വെളിപ്പെടുത്താനോ അനുമതിയില്ലാതെ ലൈംഗികബന്ധത്തിന്റെ ചിത്രങ്ങൾ വെളിപ്പെടുത്താനോ ഉള്ള ഭീഷണികൾ
മുതിർന്നവരുടെ നഗ്‌നതയും ലൈംഗിക കേളികളും
ലൈംഗികത പ്രകടമാക്കുന്നതോ തൃപ്‌തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കം, ഇത്തരത്തിലുള്ള ആനിമേറ്റ് ചെയ്‌ത ഉള്ളടക്കം ഉൾപ്പെടെ, ഞങ്ങൾ TikTok-ൽ അനുവദിക്കില്ല. ചില നിയമാധികാര പരിധികളിൽ നിയമപരമായ ശിക്ഷകൾക്ക് ഇടയാക്കുന്നതും അനുമതിയില്ലാത്ത ഇമേജറി (ഉദാഹരണത്തിന്, റിവെഞ്ച് പോൺ) പങ്കിടുന്നതിലൂടെ ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഹാനി വരുത്തുന്നതും പോലുള്ള, നിരവധി പ്രശ്‌നങ്ങൾ ലൈംഗികത ഉൾപ്പെടുന്ന ഉള്ളടക്കം കൊണ്ടുവരുന്നു. അതോടൊപ്പം, പ്രകടമായി ലൈംഗികത അടങ്ങുന്ന ഉള്ളടക്കം നിശ്ചിത സംസ്കാരങ്ങളിൽ കുറ്റകരമാകാനുമിടയുണ്ട്. വിദ്യാഭ്യാസ, ഡോക്യുമെന്ററി, ശാസ്‌ത്രീയ അല്ലെങ്കിൽ കലാപരമായ ആവശ്യകതകൾക്കായി നഗ്‌നതയും ലൈംഗികതയും പ്രകടമാക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇളവുകൾ അനുവദിക്കുന്നു. ഉദാഹരണത്തിന്, സ്‌തനം നീക്കംചെയ്യൽ ശസ്‌ത്രക്രിയയിലെ പാടുക്കളെക്കുറിച്ച് ചർച്ച ചെയ്യുന്നതോ കാണിക്കുന്നതോ ആയ ഉള്ളടക്കം അനുവദനീയമാണ്.
ലൈംഗികമായി ചൂഷണം ചെയ്യൽ
മറ്റൊരാളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിലൂടെ ധനപരമായോ സാമൂഹികമായോ രാഷ്‌ട്രീയമായോ നേട്ടമുണ്ടാക്കുന്നത് ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താത്ത ലൈംഗിക ആവശ്യകതകൾക്കായി, വഴങ്ങുന്ന ഒരു അവസ്ഥയോ ശക്തിയോ വിശ്വാസമോ ദുരുപയോഗം ചെയ്യുന്നതോ ചെയ്യാൻ ശ്രമിക്കുന്നതോ ആയ ഏതൊരു പ്രവർത്തനത്തെയും ലൈംഗികമായി ചൂഷണം ചെയ്യൽ എന്ന് പറയുന്നു.
ഇവ പോസ്റ്റുചെയ്യരുത്:
- അനുമതിയില്ലാതെ ലൈംഗികബന്ധങ്ങൾ ചിത്രീകരിക്കുന്നതോ അവയിൽ ഏർപ്പെടുന്നതോ പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കം
- ലൈംഗികാഭ്യർത്ഥനയിലോ ലൈംഗികമായി അധിക്ഷേപിക്കുന്നതിലോ ഏർപ്പെടുകയോ അത് പ്രോത്സാഹിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന ഉള്ളടക്കം
മുതിർന്നവർ ഉൾപ്പെടുന്ന അശ്ലീലതയും നഗ്നതയും
ലൈംഗിക സംതൃപ്‌തിയ്‌ക്കുള്ള ആവശ്യകതയ്‌ക്കായി ലൈംഗികാവയവങ്ങളോ ഒപ്പം/അല്ലെങ്കിൽ പ്രവർത്തനങ്ങളോ പ്രകടമായി ചിത്രീകരിക്കുന്ന അശ്ലീലത.
ഇവ പോസ്റ്റുചെയ്യരുത്:
- ലിംഗം പ്രവേശിപ്പിച്ചും പ്രവേശിപ്പിക്കാതെയുമുള്ള ലൈംഗികവേഴ്‌ച അല്ലെങ്കിൽ വദനസുരതം എന്നിവ പോലുള്ള ലൈംഗികരീതികൾ ചിത്രീകരിക്കുന്ന ഉള്ളടക്കം
- മനുഷ്യ ജനനേന്ദ്രിയങ്ങൾ, സ്‌ത്രീകളുടെ മുലക്കണ്ണുകൾ, നിതംബങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഉള്ളടക്കം
- ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന കാര്യം ചിത്രീകരിക്കുന്ന ഉള്ളടക്കം
- ലൈംഗിക വികാരമുണർത്തുന്ന കാര്യം ചിത്രീകരിക്കുന്ന ഉള്ളടക്കം
പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതത്വം
കുട്ടികളുടെ സുരക്ഷ ഞങ്ങൾ അതീവ ഗൗരവത്തോടെ കാണുന്നതിനാൽ പ്രായപൂർത്തിയാകാത്തവർക്ക് എതിരായുള്ള അക്രമകരമായതോ ലൈംഗികമായി പ്രലോഭിപ്പിക്കുന്നതോ ആയ പെരുമാറ്റരീതി ഞങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കുകയില്ല. ഡിജിറ്റൽ ലോകത്തും യഥാർത്ഥ ജീവിതത്തിലും കുട്ടികളെ ദുരുപയോഗം ചെയ്യൽ, കുട്ടികളുടെ നഗ്നത അല്ലെങ്കിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ തുടങ്ങിയവ ചിത്രീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല, അത്തരം ഉള്ളടക്കം ഞങ്ങൾ ബന്ധപ്പെട്ട നിയമനിർവ്വഹണ സ്ഥാപനങ്ങൾക്ക് റിപ്പോർട്ടുചെയ്യുന്നതാണ്. കുറ്റകരമായ പെരുമാറ്റരീതികളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്തവരെ ചിത്രീകരിക്കുന്ന ഉള്ളടക്കവും ഞങ്ങൾ അനുവദിക്കില്ല.
TikTok ഉപയോഗിക്കാൻ ഉപയോക്താക്കൾ കുറഞ്ഞ പ്രായ പരിധികളിലെത്തേണ്ടതുണ്ട് (ഞങ്ങളുടെ സേവന നിബന്ധനകളിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ). പ്രായപൂർത്തിയാകാത്ത അക്കൗണ്ട് ഉടമകളെ കണ്ടെത്തുമ്പോൾ, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്നും അവരുടെ അക്കൗണ്ടുകൾ നീക്കംചെയ്യുകയും അവരുടെ മേഖലയിൽ ലഭ്യമായ കൂടുതൽ ഉചിതമായൊരു ആപ്പ് അനുഭവത്തിലേക്ക് അവരെ നയിക്കുകയും ചെയ്‌തേക്കാം.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന നഗ്നതയും അവരെ ലൈംഗികമായി ചൂഷണം ചെയ്യലും
നഗ്നതയിൽ സ്വകാര്യഭാഗങ്ങൾ ദൃശ്യമാക്കുന്ന ഉള്ളടക്കം ഉൾപ്പെടുന്നു. മറ്റൊരാളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിലൂടെ ധനപരമായോ സാമൂഹികമായോ രാഷ്‌ട്രീയമായോ നേട്ടമുണ്ടാക്കുന്നത് ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താത്ത ലൈംഗിക ആവശ്യകതകൾക്കായി, വഴങ്ങുന്ന ഒരു അവസ്ഥയോ ശക്തിയോ വിശ്വാസമോ ദുരുപയോഗം ചെയ്യുന്നതോ ചെയ്യാൻ ശ്രമിക്കുന്നതോ ആയ ഏതൊരു പ്രവർത്തനത്തെയും ലൈംഗികമായി ചൂഷണം ചെയ്യൽ എന്ന് പറയുന്നു.
ഇവ പോസ്റ്റുചെയ്യരുത്:
- പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന ഉള്ളടക്കം
- പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ചിത്രീകരിക്കുന്ന ഉള്ളടക്കം
- പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലിംഗം പ്രവേശിപ്പിച്ചും പ്രവേശിപ്പിക്കാതെയുമുള്ള ലൈംഗികവേഴ്‌ച അല്ലെങ്കിൽ വദനസുരതം എന്നിവ പോലുള്ള ലൈംഗികരീതികൾ ചിത്രീകരിക്കുന്ന ഉള്ളടക്കം
- പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന കാര്യം ചിത്രീകരിക്കുന്ന ഉള്ളടക്കം
- പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക വികാരമുണർത്തുന്ന കാര്യം ചിത്രീകരിക്കുന്ന ഉള്ളടക്കം
പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യം
പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങളിൽ മയക്കുമരുന്ന്, ആൽക്കഹോൾ, പുകയില തുടങ്ങിയവയുടെ ഉപഭോഗമോ ഉപയോഗമോ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല.
ഇവ പോസ്റ്റുചെയ്യരുത്:
- മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ പുകയില എന്നിവ ഉപയോഗിക്കുകയോ കൈവശം വയ്‌ക്കുകയോ ഉപയോഗിക്കുന്നതായി സംശയിക്കുകയോ ചെയ്യുന്ന പ്രായപൂർത്തിയാകാത്തവരെ ചിത്രീകരിക്കുന്ന ഉള്ളടക്കം
ബാലപീഡനം
ഒരാൾ ഒരു കുട്ടിയെ ശാരീരികമായോ ഒപ്പം/അല്ലെങ്കിൽ മാനസികമായോ ആഘാതമേൽപ്പിക്കുന്നതിനെയാണ് ബാലപീഡനം എന്ന് നിർവ്വചിക്കുന്നത്. ഒരു കുട്ടിയുടെ ശരീരത്തിൽ ബോധപൂർവ്വം പരുക്കേൽപ്പിക്കുന്ന പ്രവൃത്തിയാണ് ശാരീരികപീഡനം. ശാരീരികമായോ ലൈംഗികമായോ ഉള്ള അക്രമഭീഷണികൾ ഉപയോഗിച്ചോ ഭീഷണി തന്ത്രങ്ങൾ മുഖേനയോ ഒരു കുട്ടിയെ ഭർത്സിക്കുന്നതാണ് മാനസികപീഡനം.
ഇവ പോസ്റ്റുചെയ്യരുത്:
- പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ശാരീരികമോ മാനസികമോ ആയ പീഡനം ചിത്രീകരിക്കുന്ന ഉള്ളടക്കം
ലൈംഗികമായി പ്രലോഭിപ്പിക്കുന്ന പെരുമാറ്റരീതി
ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ലൈംഗികമായി ചൂഷണം ചെയ്യൽ അല്ലെങ്കിൽ ലൈംഗികക്കടത്ത് ആവശ്യകതകൾക്കായി പ്രായപൂർത്തിയാകാത്തയാളുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് ഒരു മുതിർന്നയാൾ അവരുമായി ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നതാണ് 'ലൈംഗികമായി പ്രലോഭിപ്പിക്കുന്ന പെരുമാറ്റരീതി'.
ഇവ പോസ്റ്റുചെയ്യരുത്:
- ലൈംഗികമായി പ്രലോഭിപ്പിക്കുന്ന പെരുമാറ്റരീതിയെ പ്രോത്സാഹിപ്പിക്കുന്നതോ അത് നിർദ്ദേശിക്കുന്നതോ അതിനെ ന്യായീകരിക്കുന്നതോ ആയ ഉള്ളടക്കം
- ലൈംഗികത പ്രകടമാക്കുന്ന ഒരു സംഭാഷണത്തിൽ പ്രായപൂർത്തിയാകാത്തയാളെ വ്യാപൃതരാക്കുന്ന ഉള്ളടക്കം
- ലൈംഗികത പ്രകടമാക്കുന്ന മെറ്റീരിയൽ അയയ്‌ക്കാൻ ഒരു കുട്ടിയെ പ്രേരിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഉള്ളടക്കം
പ്രായപൂർത്തിയാകാത്തവരെ ലൈംഗികവൽക്കരിക്കൽ
പ്രായപൂർത്തിയാകാത്തവരിൽ ലൈംഗികത അടിച്ചേൽപ്പിക്കുകയോ ലൈംഗികമായി അധിക്ഷേപിക്കുകയോ ചെയ്യുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല.
ഇവ പോസ്റ്റുചെയ്യരുത്:
- പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കാമവികാരമുണർത്തുന്ന നൃത്തങ്ങൾ ചിത്രീകരിക്കുന്ന ഉള്ളടക്കം
- പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗികച്ചുവയുള്ളതോ രതിജന്യമായതോ ആയ ഭാഷ അടങ്ങുന്ന ഉള്ളടക്കം
സമഗ്രതയുംആധികാരികതയും
വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ അപകടത്തിലാക്കുന്ന വിധത്തിൽ ഞങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങളെ കബളിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ഉദ്ദേശിച്ചുള്ള ഉള്ളടക്കം. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അത്തരം ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നില്ല. ഇവയിൽ സ്പാം ചെയ്യലും ആൾമാറാട്ടവും തെറ്റായ സന്ദേശ പ്രചാരണങ്ങളും പോലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.
സ്പാം
പ്ലാറ്റ്‌ഫോമിൽ കൃത്രിമമായി ജനപ്രീതി പെരുപ്പിക്കാനായി തേടുന്ന ഉള്ളടക്കമോ പ്രവർത്തനമോ നിരോധിച്ചിരിക്കുന്നു. ഇടപഴകൽ മാപിനികൾ വർദ്ധിപ്പിക്കാനായി പ്ലാറ്റ്‌ഫോം പ്രവർത്തനരീതികളിൽ കൃത്രിമത്വം കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ നിരോധിച്ചിരിക്കുന്നു.
ഇവ ചെയ്യരുത്:
- വ്യൂകള്‍, ലൈക്കുകൾ, പിന്തുടരുന്നവർ, പങ്കിടലുകൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ എന്നിവ എങ്ങനെ കൃത്രിമമായി വർദ്ധിപ്പിക്കാമെന്ന നിർദ്ദേശങ്ങൾ പങ്കിടുന്നത്
- കാഴ്‌ചകൾ, ലൈക്കുകൾ, പിന്തുടരുന്നവർ, പങ്കിടലുകൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ എന്നിവ വിൽക്കാനോ വാങ്ങാനോ ശ്രമിക്കുന്നത് അല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത്
- കൃത്രിമ ട്രാഫിക്ക് സൃഷ്‌ടിക്കൽ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്
- തെറ്റായതോ വ്യാജമായതോ ആയ അവകാശവാദങ്ങൾക്ക് കീഴിൽ ഒന്നിലധികം TikTok അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നത്, ഇവയിൽ അയഥാർത്ഥ പ്രവർത്തനം സൃഷ്‌ടിക്കാനോ വാണിജ്യപരമായ സ്പാം വിതരണം ചെയ്യാനോ മറ്റുതരത്തിൽ TikTok നയങ്ങൾ ഏകോപിതമായി പ്രകടമാകാത്ത വിധത്തിൽ ലംഘിക്കാനോ ഉള്ള സമന്വിത ശ്രമങ്ങൾ ഉൾപ്പെടുന്നു
ആൾമാറാട്ടം
പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി മറ്റ് വ്യക്തികളായോ സ്ഥാപനങ്ങളായോ ആൾമാറാട്ടം നടത്താൻ ഞങ്ങൾ ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ആൾമാറാട്ട റിപ്പോർട്ടുകൾ ഞങ്ങൾ സ്ഥിരീകരിക്കുമ്പോൾ, ലംഘിക്കുന്ന അക്കൗണ്ടുകൾ ഞങ്ങൾ നീക്കംചെയ്യും. ഹാസ്യാനുകരണത്തിനോ കമന്ററിയ്‌ക്കോ ആരാധനയ്‌ക്കോ ഉള്ള അക്കൗണ്ടുകൾ, TikTok-ലെ അവയുടെ വ്യക്തിത്വവുമായോ ഉദ്ദ്യേശ്യവുമായോ ബന്ധപ്പെട്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് ആകാത്തിടത്തോളം കാലം, അവയ്‌ക്ക് ഇളവുകൾ അനുവദിക്കാറുണ്ട്.
ഇവ പോസ്റ്റുചെയ്യരുത്:
- മറ്റൊരാളുടെ പേരോ ജീവചരിത്രപരമായ വിശദാംശങ്ങളോ പ്രൊഫൈൽ ചിത്രമോ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മറ്റൊരു വ്യക്തിയായോ സ്ഥാപനമായോ
തെറ്റിദ്ധരിപ്പിക്കുന്ന വിവരം
ഞങ്ങളുടെ കമ്മ്യൂണിറ്റിയ്‌ക്കോ വലിയ അളവിൽ പൊതുജനത്തിനോ ഹാനികരമാകാനിടയുള്ള തെറ്റായ വിവരങ്ങൾ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഉപയോക്താക്കളെ അവരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മാന്യമായി ആശയവിനിമയങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും, ഒരു വ്യക്തിയുടെ ആരോഗ്യത്തിനോ വലിയ അളവിൽ പൊതുസുരക്ഷയ്‌ക്കോ ഹാനികരമായേക്കാവുന്ന തെറ്റായ വിവരങ്ങൾ നീക്കംചെയ്യുന്നതാണ്. തെറ്റായ വിവര പ്രചാരണങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഉള്ളടക്കവും ഞങ്ങൾ നീക്കംചെയ്യുന്നു.
ഇവ പോസ്റ്റുചെയ്യരുത്:
- ഭയമോ വെറുപ്പോ മുൻവിധിയോ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളവയാണ് തെറ്റായ വിവരങ്ങൾ
- വൈദ്യചികിത്സകൾ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പോലുള്ള, തെറ്റായ വിവരങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം
- കബളിപ്പിക്കൽ, ഫിഷിംഗ് ശ്രമങ്ങൾ അല്ലെങ്കിൽ ഹാനിവരുത്താൻ ഉദ്ദേശിച്ചുള്ള കൃത്രിമ ഉള്ളടക്കം
- തിരഞ്ഞെടുപ്പുകളോ മറ്റ് പൗരാവകാശ പ്രക്രിയകളോ സംബന്ധിച്ച് കമ്മ്യൂണിറ്റി അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം
ബൗദ്ധികസ്വത്തവകാശം
മൗലികമായ ഉള്ളടക്കം സൃഷ്‌ടിക്കാനും പങ്കിടാനുമാണ് ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത്. മറ്റൊരാളുടെ ബൗദ്ധികസ്വത്തവകാശങ്ങളെ ലംഘിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കാനോ വിതരണം ചെയ്യാനോ ഞങ്ങൾ ഉപയോക്താക്കളെ അനുവദിക്കില്ല.
ഇവ പോസ്റ്റുചെയ്യരുത്:
- മറ്റൊരാളുടെ പകർപ്പവകാശങ്ങളോ വ്യാപാരമുദ്രകളോ മറ്റ് ബൗദ്ധികസ്വത്തവകാശങ്ങളോ ലംഘിക്കുകയോ ഭംഗപ്പെടുത്തുകയോ ചെയ്യുന്ന ഉള്ളടക്കം
പ്ലാറ്റ്ഫോം സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ
മേൽ സൂചിപ്പിച്ചിരിക്കുന്ന ഉള്ളടക്കത്തിനും പെരുമാറ്റരീതിയ്‌ക്കും പുറമേ, TikTok സേവനത്തെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെയും ഞങ്ങളുടെ നയങ്ങൾ വിലക്കിയിരിക്കുന്നു:
- TikTok വെബ്‌സൈറ്റോ ആപ്പോ ബന്ധപ്പെട്ട നെറ്റ്‌വർക്കുകളോ ഹാക്ക് ചെയ്യുകയോ ഉപയോക്താക്കളുടെ ആക്‌സസ് നിയന്ത്രിക്കാനുള്ള ഇതിന്റെ മുൻകരുതലുകൾ ബൈപ്പാസ് ചെയ്യുകയോ അരുത്
- വൈറസുകളോ ട്രോജൻ ഹോഴ്‌സുകളോ വേമുകളോ ലോജിക് ബോംബുകളോ അല്ലെങ്കിൽ ക്ഷുദ്രകരമായതോ ഹാനികരമായതോ ആയ മറ്റ് മെറ്റീരിയലുകളോ അടങ്ങുന്ന ഫയലുകൾ വിതരണം ചെയ്യരുത്
- ഏതെങ്കിലും ഫയലുകളോ പട്ടികകളോ ഡോക്യുമെന്‍റേഷനോഉൾപ്പെടെയുള്ളവ പരിഷ്‌ക്കരിക്കുകയോ ചേർച്ച വരുത്തുകയോ വിവർത്തനം ചെയ്യുകയോ റിവേഴ്‌സ്-എഞ്ചിനീയർ നടത്തുകയോ വിഘടിപ്പിക്കുകയോ കൂട്ടിച്ചേർക്കുകയോ TikTok അടിസ്ഥാനമാക്കി ഏതെങ്കിലും വ്യുൽപ്പന്നങ്ങൾ സൃഷ്‌ടിക്കുകയോ, TikTok-ൽ ഉൾച്ചേർത്തിരിക്കുന്ന ഏതെങ്കിലും സോഴ്‌സ് കോഡോ അൽഗോരിതങ്ങളോ രീതികളോ സാങ്കേതികവിദ്യകളോ പുനഃസൃഷ്‌ടിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്
- TikTok-ൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഓട്ടോമേറ്റ് ചെയ്‌ത സ്ക്രിപ്റ്റുകൾ ഉപയോഗിക്കരുത്
ഞങ്ങളുടെ ഊർജ്ജസ്വലമായ ആഗോള കമ്മ്യൂണിറ്റിയുടെ ഭാഗമായിരിക്കുന്നതിനും എല്ലാ ഉപയോക്താക്കൾക്കുമായി ഒരു സുരക്ഷിതയിടം കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിനും നിങ്ങൾക്ക് നന്ദി. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്ന ഉള്ളടക്കമോ അക്കൗണ്ടുകളോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, അവലോകനം ചെയ്യാനും അവയിന്മേൽ ഉചിതമായ നടപടിയെടുക്കാനും അത് ഞങ്ങളെ അറിയിക്കുക.